KKCA അക്ഷരദീപം പ്രവേശനോത്സവം 2024-25
കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള മലയാള ഭാഷാ പഠന പദ്ധതിയായ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിലുള്ള, കെ കെസിഎ അക്ഷരദീപം മേഖലാ പഠനകേന്ദ്രത്തിൽ, 2024 – 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ അബ്ബാസിയ ശ്രീരാഗം ആഡിറ്റോറിയത്തിൽ വച്ച് നടന്നു. കെ.കെ.സി.എ. പ്രസിഡൻ്റ് ശ്രീ .സുജിത്ത് ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സെന്റ് ദാനിയേൽ കമ്പോണി ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. അനൂപ് പൂതംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കെ കെ സി എ പ്രസിഡൻ്റ് ശ്രീ. സുജിത്ത് ജോർജ്, സെക്രട്ടറി ശ്രീ. ഡോണ തോമസ്, ട്രഷറർ ശ്രീ. ഷിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. പഠന കേന്ദ്രം ഹെഡ്മാസ്റ്റർ, ശ്രീ. ജെയ്സൺ മേലേടം കുട്ടികളോട് സംസാരിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസി: ഹെഡ്മാസ്റ്റർ ശ്രീ ടോമി ജോസ് സ്വാഗതവും കെ.കെസിഎ മലയാളം മിഷൻ കോർഡിനേറ്റർ ശ്രീ. അരുൺ മാത്യു നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് പഠന കേന്ദ്രത്തിലെ പഠിതാക്കളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. പഠനകേന്ദ്രം അധ്യാപകരും കെ കെസിഎ അക്ഷരദീപം കുട്ടികളും പങ്കെടുത്ത പ്രവേശനോത്സവം ഒരു യഥാർത്ഥ കലാലയ അനുഭവമായി മാറി.