കെ കെ സി എ ക്നാനായ കലോത്സവം “തരംഗം -2019 “സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )”തരംഗം -2019 “എന്ന പേരിൽ ക്നാനായ കലോത്സവം സംഘടിപ്പിച്ചു. 2019 മെയ് 17 ആം തീയതി ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആയിരുന്നു കലോത്സവം അരങ്ങേറിയത്. കെ കെ സി എ പ്രസിഡന്റ് ശ്രീ റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ ജോബി മാത്യു പുളിക്കോലിൽ സ്വാഗതം പറയുകയും, ചീഫ് ഗസ്റ്റ് ആയി എത്തിയ ഫാദർ വിൻസെന്റ് മറ്റത്തികുന്നേൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും ,പ്രശസ്ത വാഗ്മിയുമായ ശ്രീ .റെജി തോമസ് കുന്നൂപറമ്പിൽ കലോത്സവത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ജോ.ട്രഷറർ ശ്രീ .ജയിംസ് മാത്യു ചക്കാലതൊട്ടിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് അഞ്ച് സ്റ്റേജുകളിലായി മത്സരാർത്ഥികൾ വിവിധ കലാ ഇനങ്ങളിൽ മാറ്റുരച്ചു. ഓരോ മത്സര ഇനങ്ങളിലും അതാതു മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജഡ്ജ് മാരുടെ സാന്നിധ്യം മത്സരങ്ങളെ സുതാര്യമാക്കി. യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന ക്വിസ്, പുരാതന പാട്ട് മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയും ചെയ്തു. രാത്രി 9 മണിയോടുകൂടി കലോത്സവത്തിന് തിരശീല താണപ്പോൾ , കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ഉത്തമോദാഹരണമായി “തരംഗം -2019 “മാറുകയായിരുന്നു.സംഘാടന മികവുകൊണ്ട് വൻവിജയമായ കലോത്സവം 2019 കമ്മിറ്റിയുടെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തിതന്നു .