കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) ഭാരവാഹികൾ ഇന്ത്യൻ അംബാസ്സിഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ പ്രസിഡന്റ് ശ്രീ റെനി എബ്രഹാം കുന്നക്കാട്ടുമലയിലിന്റെ നേതൃത്ത്വത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. പുതിയതായി ചാർജെടുത്ത അംബാസ്സിഡർക്കു അസോസിയേഷന്റെ പേരിലുള്ള സ്വാഗതവും ആശംസയും അറിയിച്ചുകൊണ്ട് ചുരുങ്ങിയ ഈ കാലയളവിനുള്ളിൽ തന്നെ വളരെ ശ്രദ്ധേയമായ പ്രവർത്തനമികവിലൂടെ ജനമനസ്സുകളിൽ കയറിപ്പറ്റിയ അദ്ദേഹത്തിന് ഇനിയും കൂടുതൽ ഉന്നതിയുടെ പടവുകൾ തുറന്നു ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ ബിജു സൈമൺ കവലക്കൽ കഴിഞ്ഞ 36 വർഷമായുള്ള സംഘടനയുടെ കുവൈറ്റിലും നാട്ടിലും ആയി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. KKCA പ്രതിനിധികൾ കോവിടിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് കയറിപ്പോകാൻ കഴിയാതെ വിഷമിക്കുന്നവരെക്കുറിച്ചും, കുവൈറ്റിലെ പാർപ്പിട വസതികൾക്കു ഈടാക്കുന്ന അമിതമായ വാടകയും, പാസ്പോർട്ട് പുതുക്കുമ്പോൾ അതു നാട്ടിൽ പോലീസ് വെരിഫിക്കേഷനു പോകുമ്പോൾ ഉണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടും അതുപോലെ നഴ്സുമാർ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും അദ്ദേഹവുമായി പങ്കുവെക്കുകയും കുവൈറ്റിലെ നിയമവ്യവസ്ഥക്കു വിധേയമായി തന്നാൽ കഴിയുന്ന എല്ലാ ഇടപെടലുകളും ഈ വിഷയങ്ങളിൽ ഉണ്ടായിരിക്കും എന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. പ്രസിഡന്റ് റെനി എബ്രഹാം കുന്നക്കാട്ടുമലയിൽ, ജനറൽ സെക്രെട്ടറി ബിജു സൈമൺ കവലക്കൽ, ട്രെഷറർ ബിനു ജോസഫ് പ്ളാക്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം കല്ലുകീറ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി ജോജി ജോയി പുലിയമനയിൽ, അഡ്വൈസറി ബോർഡ് അംഗം ജോബി മാത്യു പുളിക്കോലിൽ എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു കൂടിക്കാഴ്ചയിൽ പങ്കെടുത്തു.