BY LAW
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന്‍
നിയമാവലി
1) 1984 ജൂലൈ മാസം ഒന്നാം തീയതി സ്ഥാപിതമായ കെ.കെ.സി.എ. എന്ന സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും അംഗങ്ങളുടെ കൂട്ടായ്മക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2017 നവംബര്‍ 24-ാം തീയതി വെള്ളിയാഴ്ച സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ച് ബഹു. ഫാ. ജോണ്‍ ചൊള്ളാനിയലിന്റെ സാന്നിദ്ധ്യത്തില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗില്‍ അവതരിപ്പിച്ച് പുതുക്കിയ ഈ നിയമാവലി പൊതുയോഗം ഐകകണ്‌ഠേന അംഗീകരിച്ചിട്ടുള്ളതാണ്. അംഗങ്ങള്‍ ഈ നിയമാവലിയിലെ വ്യവസ്ഥകളും നടപടി ക്രമങ്ങളും പാലിച്ച് അവയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതാണ്.
2.ആമുഖം
കുവൈറ്റില്‍ പ്രവാസികളായിരിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ കൂട്ടായ്മക്കും ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിതമായിരിക്കുന്ന ഈ സംഘടനയുടെ പേര് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (കെ.കെ.സി.എ.) എന്നായിരിക്കേണ്ടതാകുന്നു.
3.സംഘടനാ ചിഹ്നം
ഇത് സംഘടനയുടെ ഔദ്യോഗിക ചിഹ്നമായിരിക്കും. സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും സംഘടനയുടെ വേദികളിലും സംഘടനാ ബാനറുകള്‍, സംഘടനയുടെ കൂടാരയോഗ യൂണിറ്റുകള്‍, കത്തിടപാടുകള്‍, സംഘടന ഇറക്കുന്ന സ്മരണികകള്‍, സംഘടനയുടെ മറ്റു പോഷക സംഘടനകള്‍, അവാര്‍ഡുകള്‍, സംഘടനാംഗങ്ങളുടെ വീടുകള്‍, വെബ്‌സൈറ്റ് എന്നിവിടങ്ങളിലും ചിഹ്നം എക്‌സിക്യൂട്ടീവ് സമിതിയുടെ അംഗീകാരത്തോടെ ഉപയോഗിക്കേണ്ടതാണ്.
കുവൈറ്റില്‍ പ്രവാസികളായിരിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ തനിമയുടെ, ഒരുമയുടെ സന്ദേശമാണ് ഈ ചിഹ്നത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ഹൃദയാകൃതിയിലുള്ള ചിഹ്നത്തില്‍ കാണുന്ന നീലനിറം പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണവും വൃത്തത്തിന് നടുവിലുള്ള കുരിശ് രക്ഷയുടെ അടയാളമായും കപ്പല്‍, വെള്ളം. എ.ഡി. 345 എന്നിവ ക്‌നായി തോമ എ.ഡി. 345 -ല്‍ കപ്പലില്‍ കൊടുങ്ങല്ലൂരില്‍ എത്തിയതിന്റെ ഓര്‍മ്മയ്ക്കായും Ritual & Heritage ക്‌നാനായ പൈതൃകത്തേയും പാരമ്പര്യത്തേയും സൂചിപ്പിക്കുന്നു.
4. പ്രാര്‍ത്ഥനാഗാനം
സംഘടനയുടെ എല്ലാ കൂട്ടായ്മയും താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിക്കേണ്ടതാണ്.
മര്‍ത്തോമന്‍ നന്മയാലൊന്നു തുടങ്ങുന്നു
നന്നായി വരണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മെയെഴുന്നുള്‍ക വേണം
കാരണമായവരെയെല്ലാരും കൂടീട്ട്
നന്മ വരുത്തിത്തരേണം
ആലാഹനായനും അന്‍പന്‍ മിശിഹായും
കൂടെ തുണക്ക ഇവര്‍ക്ക്
5. ലക്ഷ്യങ്ങള്‍
iകുവൈറ്റിലുള്ള എല്ലാക്‌നാനായ കത്തോലിക്കരും ഒരുമിച്ചു കൂടുവാനും പരിചയപ്പെടുവാനും ബന്ധങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള അവസരങ്ങള്‍ ഒരുക്കുക.
iiകത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ക്‌നാനായ സമുദായ പാരമ്പര്യവും പൈതൃകവും പിന്‍തുടരുകയും പരിപാലിക്കുകയും പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുക.
iiiക്‌നാനായ സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആഗോള ക്‌നാനായ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
ivഅംഗങ്ങളുടെയും അവരുടെ മക്കളുടെയും ആത്മീകവും, ഭൗതീകവും, കലാകായികപരവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക.
v ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുകയും അത് ശരിയായി വിനിയോഗിക്കുകയും ചെയ്യുക.
vi കുവൈറ്റില്‍ നിലവിലുള്ള സഭാസംവിധാനങ്ങള്‍ക്ക് വിധേയമായും, രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്ക് അതീതമായും മറ്റു സംഘടനകളുമായി സൗഹൃദത്തിലും കുവൈറ്റ് രാജ്യത്തിന്റെ നന്മയ്ക്കും, നിയമങ്ങള്‍ക്കും വിധേയമായും പ്രവര്‍ത്തിക്കുക.
6. രക്ഷാധികാരികള്‍
കുവൈറ്റിന്റെ ചുമതലയുള്ള കത്തോലിക്കാ ബിഷപ്പും, കോട്ടയം അതിരൂപത ആര്‍ച്ചുബിഷപ്പും സംഘടനയുടെ രക്ഷാധികാരികളായിരിക്കും.
7. ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ INDEMB/KWT/ASSN/177 പ്രകാരം ഈ സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പ്രസ്തുത അംഗീകാരം നിലനിര്‍ത്തിക്കൊണ്ട് സംഘടന പ്രവര്‍ത്തിക്കേണ്ടതുമാകുന്നു.
8. വെബ്‌സൈറ്റ്, ഇ- മെയില്‍ ഐ.ഡി.
സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.kuwaitknananaya.com ഉം, ഇ-മെയില്‍ kkca_kuwait@yahoo.co.in എന്നുമാകുന്നു.
9. പ്രവര്‍ത്തനവര്‍ഷം
സംഘടനയുടെ ഭരണസമിതി അംഗങ്ങളുടെ കാലാവധിയും പ്രവര്‍ത്തനവര്‍ഷവും ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും. പുതിയതായി നിലവില്‍ വരുന്ന ഭരണസമിതിക്ക് ജനുവരി 31 നു മുമ്പായി അധികാരം കൈമാറ്റം നടത്തേണ്ടതാണ്. സ്ഥാനമൊഴിയുന്ന ഭരണസമിതി സംഘടനയുടെ എല്ലാ റിക്കാര്‍ഡുകളും, എല്ലാ ആസ്തികളും, ബാദ്ധ്യതകളും, സ്ഥാവരജംഗമ വസ്തുക്കളും സ്ഥാനമേല്‍ക്കുന്ന പുതിയ ഭരണസമിതിയെ വാര്‍ഷിക പൊതുയോഗത്തിനുശേഷം 15 ദിവസത്തിനുള്ളില്‍ ഏല്‍പിക്കേണ്ടതാകുന്നു.
10. ഭരണസംവിധാനം
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അബ്ബാസിയ (ഹസാവി, ജഹ്‌റ) റിഗ്ഗായ് (ഫര്‍വാനിയ, ഖെയ്ത്താന്‍…), സാല്‍മിയ (റാസ് സാല്‍മിയ, ഹവല്ലി, കുവൈറ്റ് സിറ്റി…)ഫഹാഹീല്‍ (അബൂഖലീഫ, മംഗഫ്, മെഹ്ബൂള, ഫിന്റാസ് …) എന്നീ നാല് ഏരിയകളായി തിരിച്ചിരിക്കുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ത്ഥം ഓരോ ഏരിയയിലുമുള്ള ഏറ്റവും അടുത്തു താമസിക്കുന്ന 40 കുടുംബങ്ങളില്‍ കൂടാതെയുള്ള കുടുംബാംഗത്വമുള്ളവരെ ഓരോ കൂടാരയോഗ യൂണിറ്റുകളായി ക്രമീകരിക്കേണ്ടതാകുന്നു. ഓരോ കൂടാരയോഗ യൂണിറ്റ് പരിധിയില്‍ താമസിക്കുന്ന ഏകാംഗത്വമുള്ളവരും അതാത് യൂണിറ്റില്‍ അംഗമായിരിക്കേണ്ടതാണ്. ഏതെങ്കിലും ഒരു യൂണിറ്റിന്റെ കുടുംബാംഗത്വങ്ങളുടെ എണ്ണം 40 കഴിഞ്ഞാല്‍ അത് രണ്ടായി തിരിച്ചു രണ്ട് യൂണിറ്റാക്കുവാന്‍ അതാതുവര്‍ഷത്തെ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. അത്തരത്തില്‍ പുതിയ യൂണിറ്റിന്റെ രൂപീകരണം വാര്‍ഷിക പൊതുയോഗത്തിന്റെ തൊട്ടുമുമ്പ് നടത്തപ്പെടുന്ന പ്രസ്തുത യൂണിറ്റിന്റെ യോഗത്തില്‍ നടത്തേണ്ടതും അത് എല്ലാ സംഘടനാംഗങ്ങളെയും ഔദ്യോഗികമായി അറിയിക്കേണ്ടതുമാണ്. ഓരോ ഏരിയായിലുമുള്ള കൂടാരയോഗ യൂണിറ്റുകള്‍ അതാത് ഏരിയയുടെ നാമത്തില്‍ യഥാക്രമം യൂണിറ്റ് 1, 2, 3 … ക്രമനമ്പറുകളില്‍ അറിയപ്പെടേണ്ടതാണ്.
11. സംഘടനാ പദവികളും യോഗ്യതയും ചുമതലകളും
i) പ്രസിഡന്റ്
യോഗ്യത:- രണ്ടുവര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ മുഴുനീള പ്രവര്‍ത്തന പരിചയം, അതില്‍ ഒരു വര്‍ഷമെങ്കിലും എക്‌സിക്യൂട്ടീവ് സമിതി അംഗവുമായിരുന്നിരിക്കണം. തൊട്ട് മുന്‍വര്‍ഷത്തെ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ പദവി അലങ്കരിച്ചിട്ടില്ലാത്ത വ്യക്തി ആയിരിക്കണം.
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിലെ ജനറല്‍ബോഡി മീറ്റിംഗില്‍ വച്ച്
ചുമതലകള്‍:- നിയമാവലിക്ക് അനുസൃതമായി സംഘടനയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. പൊതുയോഗങ്ങള്‍, ഭരണസമിതി യോഗങ്ങള്‍ എന്നിവയില്‍ അദ്ധ്യക്ഷം വഹിക്കുക. യോഗ തീരുമാനങ്ങള്‍ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പൊതുവേദികളില്‍ സംഘടനയെ പ്രതിനിധീകരിക്കുകയും സംഘടനയുടെ നയങ്ങള്‍ക്കനുസൃതമായി മുന്‍കൂട്ടി തയ്യാറാക്കിയ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക. സംഘടനയുടെ പോഷക സംഘടനകളുടെ രക്ഷാധികാരിയായിരിക്കുക, സംഘടനയുടെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക എന്നിവ പ്രസിഡന്റിന്റെ ചുമതലകളാണ്.
ii) വൈസ് പ്രസിഡന്റ്
യോഗ്യത:- നിലവിലെ കൂടാരയോഗ യൂണിറ്റിലെ കണ്‍വീനര്‍, ഒരു വര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.
തെരഞ്ഞെടുപ്പ്: അതാതുവര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- പ്രസിഡന്റിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക, ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക, സംഘടനാ ചുമതലകളില്‍ പ്രസിഡന്റിനെ സഹായിക്കുക.
ശശശ) ജനറല്‍ സെക്രട്ടറി
യോഗ്യത:- രണ്ടുവര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ മുഴുനീള പ്രവര്‍ത്തന പരിചയം, 2017 ല്‍ നിലവില്‍ വന്ന നിയമാവലി പ്രകാരമുള്ള ഭരണസമിതിയില്‍ മാത്രമേ അംഗമായിട്ടുള്ളൂ എങ്കില്‍ രണ്ട് വര്‍ഷത്തെ ഭരണസമിതി പ്രവര്‍ത്തന പരിചയത്തില്‍ ഒരു വര്‍ഷമെങ്കിലും കേന്ദ്ര ഭരണസമിതിയില്‍ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. തൊട്ട് മുന്‍വര്‍ഷത്തെ ഭരണസമിതിയില്‍ ജനറല്‍ സെക്രട്ടറി പദവി അലങ്കരിച്ചിട്ടില്ലാത്ത വ്യക്തി ആയിരിക്കണം.
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിലെ ജനറല്‍ബോഡി മീറ്റിംഗില്‍ വച്ച്
ചുമതലകള്‍:- പ്രസിഡന്റിന്റെ അംഗീകാരത്തോടെ ഭരണസമിതി യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ വിളിച്ചു ചേര്‍ക്കുക. പ്രസിഡന്റ്, ട്രഷറര്‍ എന്നിവരുമായി ചേര്‍ന്ന് യോഗ അജണ്ടകള്‍ തയ്യാറാക്കുക, റിപ്പോര്‍ട്ട് അവതരിപ്പിക്കുക, ഓരോ യോഗത്തിന്റെയും മിനിറ്റ്‌സുകള്‍ തയ്യാറാക്കുക, സര്‍ക്കുലറുകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, കത്തിടപാടുകള്‍ എന്നിവ യഥാസമയം നിര്‍വ്വഹിക്കുക. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവരുടെ അഭാവത്തില്‍ വരുന്ന ചുമതലകള്‍ നിര്‍വ്വഹിക്കുക. സംഘടനയുടെ ആസ്തികള്‍, രേഖകള്‍ എന്നിവ സൂക്ഷിക്കുക. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ പ്രസിഡന്റിനെ സഹായിക്കുക. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുകയും എക്‌സിക്യൂട്ടീവിന്റെ അംഗീകാരത്തോടെ പൊതുയോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്യുക.
iv) ജോയിന്റ് സെക്രട്ടറി
യോഗ്യത:- നിലവിലെ കൂടാരയോഗ യൂണിറ്റിലെ കണ്‍വീനര്‍. ഒരു വര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.
തെരഞ്ഞെടുപ്പ്: അതാതുവര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക, ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. സംഘടനാ ചുമതലകളില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കുക.
v) ട്രഷറര്‍
യോഗ്യത:- രണ്ട് വര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ മുഴുനീള പ്രവര്‍ത്തന പരിചയം. 2017 ല്‍ നിലവില്‍ വന്ന നിയമാവലി പ്രകാരമുള്ള ഭരണസമിതികളില്‍ മാത്രമേ അംഗമായിട്ടുള്ളൂവെങ്കില്‍ രണ്ടുവര്‍ഷത്തെ ഭരണസമിതി പ്രവര്‍ത്തന പരിചയത്തില്‍ ഒരു വര്‍ഷമെങ്കില്‍ കേന്ദ്ര സമിതിയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരിക്കണം. തൊട്ട് മുന്‍വര്‍ഷത്തെ ഭരണസമിതിയില്‍ ട്രഷറര്‍ പദവി അലങ്കരിക്കാത്ത വ്യക്തി ആയിരിക്കണം.
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിലെ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച്
ചുമതലകള്‍:- സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമായി നടത്തുകയും, അവയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിച്ച് കേന്ദ്ര ഭരണസമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും വാര്‍ഷിക പൊതുയോഗത്തിനു മുമ്പായി ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യുക. ഓഡിറ്റ് ചെയ്ത വാര്‍ഷിക വരവ് – ചെലവ് കണക്കുകള്‍ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുക. ഭരണസമിതിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയേയും സഹായിക്കുക.
vi) ജോയിന്റ് ട്രഷറര്‍
യോഗ്യത:- നിലവിലെ കൂടാരയോഗ യൂണിറ്റിലെ കണ്‍വീനര്‍. ഒരു വര്‍ഷമെങ്കിലും സംഘടനയുടെ ഭരണസമിതിയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.
തെരഞ്ഞെടുപ്പ്: അതാതുവര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- ട്രഷററുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. സംഘടനാ ചുമതലകളില്‍ ട്രഷററിനെ സഹായിക്കുക.
vii) ഓഡിറ്റര്‍
യോഗ്യത:- ഒരു വര്‍ഷമെങ്കിലും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി പ്രവര്‍ത്തന പരിചയം.
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിലെ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച്.
ചുമതലകള്‍:- സംഘടനയുടെ പണമിടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ഭരണസമിതിയുടെ യോഗ തീരുമാനങ്ങള്‍ക്കും നിയമാവലിക്കും അനുസൃതമാണോ എന്ന് പരിശോധിച്ച് സാക്ഷ്യപ്പെടുത്തുക. വാര്‍ഷിക പൊതുയോഗത്തിന് പത്തു ദിവസമെങ്കിലും മുമ്പായി ട്രഷററില്‍ നിന്നും വരവ് ചെലവ് കണക്കുകള്‍ സ്വീകരിച്ച് ഓഡിറ്റ് ചെയ്ത കണക്കുകള്‍ മൂന്നു ദിവസമെങ്കിലും മുമ്പായി ട്രഷററിനു നല്‍കുക. വാര്‍ഷിക പൊതുയോഗത്തിനു ശേഷം ഓഡിറ്റു ചെയ്ത അവസാന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തി ട്രഷറര്‍ക്ക് നല്‍കേണ്ടതും അത് സംഘടനയുടെ എല്ലാ അംഗങ്ങളുടെയും അറിവിലേക്കായി പുതിയതായി നിലവില്‍ വന്ന ഭരണസമിതി പ്രസിദ്ധീകരിച്ചു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
viii) കൂടാരയോഗ കണ്‍വീനര്‍
യോഗ്യത:- അതാത് കൂടാരയോഗ യൂണിറ്റിലെ സജീവ അംഗം
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് നടത്തപ്പെടുന്ന അതാതു യൂണിറ്റുകളുടെ യോഗത്തില്‍ വച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയോ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങളുടെയോ സാന്നിദ്ധ്യത്തില്‍.
ചുമതലകള്‍:- എല്ലാ മാസവും യൂണിറ്റിലെ അംഗങ്ങള്‍ ഒരുമിച്ച് കൂടുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സമുദായാധിഷ്ഠിതമായ ചര്‍ച്ചകളും ക്ലാസ്സുകളും നടത്തുന്നതിനും മറ്റു പ്രയോജനപ്രദമായ ക്ലാസ്സുകള്‍ നടത്തുന്നതിനും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. ഭരണസമിതി തീരുമാനങ്ങള്‍ അറിയിക്കുക. യൂണിറ്റിലെ എല്ലാ അംഗങ്ങളും അംഗത്വം പുതുക്കി എന്ന് ഉറപ്പുവരുത്തുക. സര്‍ക്കുലറുകളും സംഘടനയുടെ മറ്റു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുക. യൂണിറ്റിലെ ഏതെങ്കിലും അംഗങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഒപ്പീസും മറ്റും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുക. ഭരണസമിതിയിലെ മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുക.
ix) കൂടാരയോഗ ജോയിന്റ് കണ്‍വീനര്‍
യോഗ്യത:- അതാത് കൂടാരയോഗ യൂണിറ്റിലെ സജീവ അംഗം
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് നടത്തപ്പെടുന്ന അതാതു യൂണിറ്റുകളുടെ യോഗത്തില്‍ വച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയോ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങളുടെയോ സാന്നിദ്ധ്യത്തില്‍.
ചുമതലകള്‍:- യൂണിറ്റിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കുക. എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പുവരുത്തുക. യൂണിറ്റ് യോഗ റിപ്പോര്‍ട്ട് തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കുക. ഹാജര്‍ രജിസ്റ്റര്‍ തയ്യാറാക്കി ഓരോ യോഗത്തിലും ഹാജര്‍ രേഖപ്പെടുത്തുക. പ്രവര്‍ത്തക സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കുകയും മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക.
x) കൂടാരയോഗ പ്രതിനിധികള്‍
ഓരോ യൂണിറ്റില്‍ നിന്നും രണ്ട് പ്രതിനിധികള്‍ ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത:- അതാത് കൂടാരയോഗ യൂണിറ്റിലെ സജീവ അംഗം
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് നടത്തപ്പെടുന്ന അതാതു യൂണിറ്റുകളുടെ യോഗത്തില്‍ വച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയോ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങളുടെയോ സാന്നിദ്ധ്യത്തില്‍.
ചുമതലകള്‍:- കൂടാരയോഗ കണ്‍വീനറിന്റെ ചുമതലകളില്‍ സഹായിക്കുക. പ്രവര്‍ത്തക സമിതി യോഗങ്ങളില്‍ പങ്കെടുക്കുകയും മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക.
xi) എഫ്.എസ്.എസ്. കണ്‍വീനര്‍
യോഗ്യത:- തൊട്ടു മുന്‍വര്‍ഷത്തെ എഫ്.എസ്.എസ്. ജോയിന്റ് കണ്‍വീനര്‍. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഒരു വര്‍ഷമെങ്കിലും എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയെ കേന്ദ്രസമിതിക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്.
തെരഞ്ഞെടുപ്പ്: പ്രത്യേക തെരഞ്ഞെടുപ്പ് ആവശ്യമില്ല.
ചുമതലകള്‍:- എഫ്.എസ്.എസ്. ല്‍ അംഗങ്ങളായിരിക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുക. പുതിയ സംഘടനാംഗങ്ങളെ എഫ്.എസ്.എസ്. ല്‍ അംഗത്വമെടുപ്പിക്കുക. നിലവിലെ എഫ്.എസ്.എസ്. അംഗങ്ങള്‍ സംഘടനയുടെ സജീവ അംഗത്വം പുതുക്കി എന്ന് ഉറപ്പുവരുത്തുക. എഫ്.എസ്.എസ്. ന്റെ ആനുകൂല്യത്തിന് യോഗ്യരായവരുടെ പേരുകള്‍ കേന്ദ്രസമിതിക്ക് ശുപാര്‍ശ ചെയ്യുകയും സഹായം ലഭിച്ചെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. എഫ്.എസ്.എസ്. ഫണ്ട് സൂക്ഷിക്കുകയും കേന്ദ്രസമിതിയുടെ അംഗീകാരത്തോടെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക. എല്ലാ മൂന്നു മാസം കൂടുമ്പോഴും കേന്ദ്ര സമിതിയില്‍ കണക്കുകള്‍ അവതരിപ്പിക്കുക. വാര്‍ഷിക പൊതുയോഗത്തില്‍ എഫ്.എസ്.എസ്. കണക്ക് അവതരിപ്പിക്കുക.
xii) എഫ്.എസ്.എസ്. ജോയിന്റ് കണ്‍വീനര്‍
യോഗ്യത:- നിലവിലെ കൂടാര യോഗ യൂണിറ്റിലെ കണ്‍വീനര്‍.
തെരഞ്ഞെടുപ്പ്: അതാതു വര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- എഫ്.എസ്.എസ്. കണ്‍വീനറെ അദ്ദേഹത്തിന്റെ ചുമതലകളില്‍ സഹായിക്കുക. ഭരണസമിതിയിലെ മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുക.
xiii) കെ.കെ.സി.എല്‍.കണ്‍വീനര്‍
യോഗ്യത:- നിലവിലെ കൂടാര യോഗ യൂണിറ്റിലെ കണ്‍വീനര്‍.
തെരഞ്ഞെടുപ്പ്: അതാതു വര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- സംഘടനാംഗങ്ങളുടെ കുട്ടികളില്‍ ക്‌നാനായ പൈതൃകവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ള കെ.കെ.സി.എല്‍. ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൊടുക്കുക. കെ.കെ.സി.എല്‍. ന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. കേന്ദ്രഭരണ സമിതിയില്‍ അവതരിപ്പിച്ച് ആവശ്യമായ ധന വിനിയോഗ അനുമതി നേടുക. കെ.കെ.സി.എല്‍.ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതിയുടെ പിന്തുണ ഉറപ്പുവരുത്തുക.
xiv) ഉപദേശക സമിതിയും അംഗങ്ങളും
ഉപദേശക സമിതില്‍ മൂന്ന് അംഗങ്ങളാണുള്ളത്. മൂന്നുവര്‍ഷമായിരിക്കും ഒരു ഉപദേശക സമിതി അംഗത്തിന്റെ കാലാവധി.
യോഗ്യത: തൊട്ട് മുന്‍വര്‍ഷങ്ങളിലെ സംഘടനയുടെ പ്രസിഡന്റ്, പ്രസ്തുത വ്യക്തിക്കൊ, നിലവിലെ ഉപദേശക സമിതി അംഗങ്ങള്‍ക്കൊ ഏതെങ്കിലും തരത്തിലുള്ള അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയുടെ മുന്‍ വര്‍ഷങ്ങളിലെ ജനറല്‍ സെക്രട്ടറിമാരെയോ ട്രഷറര്‍മാരെയോ കേന്ദ്രസമിതിക്ക് നോമിനേറ്റു ചെയ്യാവുന്നതാണ്.
തെരഞ്ഞെടുപ്പ്: പ്രത്യേക തെരഞ്ഞെടുപ്പ് ആവശ്യമില്ല.
ചുമതലകള്‍:- സംഘടനാ വിഷയങ്ങളില്‍ എന്തെങ്കിലും പ്രതിസന്ധി ഉടലെടുക്കുന്ന സാഹചര്യത്തില്‍ സമയോചിതമായി ഇടപെട്ട് നീതിപൂര്‍വ്വം അഭിപ്രായ സമന്വയം ഉണ്ടാക്കുക. മുന്‍കാല പ്രവര്‍ത്തന പരിചയം സംഘടനയുടെ പുരോഗതിക്കായി വിനിയോഗിക്കുക. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമായിരിക്കുക.
xv) വരണാധികാരി
യോഗ്യത: രണ്ട് വര്‍ഷം എങ്കിലും എക്‌സിക്യൂട്ടീവ് സമിതി അംഗം. നിലവിലെ ഭരണസമിതിയില്‍ അംഗമല്ലാതിരിക്കുക.
തെരഞ്ഞെടുപ്പ്: വാര്‍ഷിക പൊതുയോഗത്തിനു മുമ്പായി കേന്ദ്ര സമിതി വരണാധികാരിയെ തെരഞ്ഞെടുത്ത് അത് സര്‍ക്കുലര്‍ മുഖേന വാര്‍ഷിക പൊതുയോഗത്തിന് 60 ദിവസം മുമ്പായി അംഗങ്ങളെ അറിയിക്കേണ്ടതാണ്.
ചുമതലകള്‍:- തെരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷനായിരിക്കുക, ഭരണസമിതി അംഗങ്ങള്‍ക്ക് വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
xvi) കെ.സി.സി. എം.ഇ. നോമിനീസ്
യോഗ്യത: രണ്ട് വര്‍ഷം എങ്കിലും ഭരണസമിതിയില്‍ അംഗം.
തെരഞ്ഞെടുപ്പ്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് ആവശ്യപ്പെടുന്ന പദവികളിലേക്ക് അനുയോജ്യരായ അംഗങ്ങളെ കേന്ദ്രസമിതിക്ക് തെരഞ്ഞെടുക്കാവുന്നതാണ്. രണ്ട് വര്‍ഷമായിരിക്കും കെ.സി.സി. എം.ഇ. നോമിനീസിന്റെ കാലാവധി.
ചുമതലകള്‍:- കെ.സി.സി.എം.ഇ. യിലെ ചുമതലകള്‍ നിര്‍വ്വഹിക്കുക. സംഘടനയിലെ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളായിരിക്കുക.
xvii) ഡി.കെ.സി.സി. നോമിനി
യോഗ്യത: സംഘടനയുടെ നിലവിലെ പ്രസിഡന്റ് അല്ലെങ്കില്‍ മുന്‍ പ്രസിഡന്റ്
തെരഞ്ഞെടുപ്പ്: ഡി.കെ.സി.സി. ആവശ്യപ്പെടുന്നതനുസരിച്ച് കേന്ദ്ര സമിതിക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. രണ്ട് വര്‍ഷമായിരിക്കും കാലാവധി.
ചുമതലകള്‍:- ഡി.കെ.സി.സി.യിലെ ചുമതലകള്‍ നിര്‍വ്വഹിക്കുക. സംഘടനയിലെ ഭരണസമിതിയില്‍ അംഗമായിരിക്കുക.
xviii) പി.ആര്‍.ഒ.
യോഗ്യത: നിലവിലെ കൂടാരയോഗ യൂണിറ്റിലെ കണ്‍വീനര്‍.
തെരഞ്ഞെടുപ്പ്: അതാതു വര്‍ഷത്തെ പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തില്‍
ചുമതലകള്‍:- സംഘടനയുടെ വാര്‍ത്തകളും പരസ്യങ്ങളും പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിര്‍ദ്ദേശ പ്രകാരം പ്രസിദ്ധീകരിക്കുക.
12. തെരഞ്ഞെടുപ്പ് സമിതിയും ചുമതലകളും
വരണാധികാരിയും മൂന്ന് ഉപദേശക സമിതി അംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് തെരഞ്ഞെടുപ്പ് സമിതി. പ്രസ്തുത സമിതിയുടെ അദ്ധ്യക്ഷന്‍ വരണാധികാരി ആയിരിക്കും. സംഘടനയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഓഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക. ഒന്നിലധികം പേരുകള്‍ ഒരേ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ ആ വ്യക്തികളുമായി കൂടിയാലോചിച്ച് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ രഹസ്യ ബാലറ്റു വഴി തെരഞ്ഞെടുപ്പ് നടത്തുക. മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്തുക. വാര്‍ഷിക പൊതുയോഗത്തിന് തൊട്ടു മുമ്പുള്ള കൂടാര യോഗങ്ങളില്‍ പങ്കെടുത്ത് കൂടാര യോഗ യൂണിറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക എന്നിവ തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതലകളായിരിക്കും.
13. ഭരണസമിതികള്‍
എക്‌സിക്യൂട്ടീവ് സമിതി, കേന്ദ്ര സമിതി, പ്രവര്‍ത്തക സമിതി എന്നീ മൂന്ന് സമിതികള്‍ ഉള്‍പ്പെട്ടതാണ് സംഘടനയുടെ ഭരണസമിതി. ഒരു പ്രവര്‍ത്തന വര്‍ഷത്തില്‍ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും സംഘടനയുടെ എല്ലാ അംഗങ്ങളും ഒരുമിച്ച് കൂടുന്നതിനുള്ള അവസരം ഭരണസമിതി ഉണ്ടാക്കേണ്ടതാണ്. ഓരോ ഭരണസമിതി യോഗങ്ങളിലും പകിതിയിലധികം അംഗങ്ങളെങ്കിലും പങ്കെടുത്തിരിക്കണം. നിശ്ചിത സമയത്തിന് അരമണിക്കൂറിനു ശേഷവും കോറം തികഞ്ഞില്ലെങ്കില്‍ ഹാജരായ അംഗങ്ങള്‍ക്ക് യോഗം ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഭരണസമിതി യോഗങ്ങളുടെ ചെലവുകള്‍ അതാത് ഭരണസമിതി അംഗങ്ങളില്‍ നിന്നും കണ്ടെത്തേണ്ടതാണ്.
i) എക്‌സിക്യൂട്ടീവ് സമിതി
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ 6 പേരായിരിക്കും എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍. അടിയന്തിര ഘട്ടങ്ങളില്‍ എക്‌സിക്യൂട്ടീവ് ഭരണസമിതിക്ക് യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാവുന്നതും ആ തീരുമാനങ്ങള്‍ കേന്ദ്രസമിതിയില്‍ അറിയിക്കേണ്ടതുമാണ്.
ii) കേന്ദ്രസമിതി
എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍, എഫ്.എസ്.എസ്. കണ്‍വീനര്‍, കൂടാരയോഗ യൂണിറ്റ് കണ്‍വീനേഴ്‌സ് എന്നിവരടങ്ങുന്നതാണ് കേന്ദ്രസമിതി. രണ്ടില്‍ കൂടുതല്‍ സംഘടനാ പദവികള്‍ ഒരു യൂണിറ്റിന്റെ കണ്‍വീനറിന് നല്‍കാന്‍ പാടുള്ളതല്ല. ആവശ്യഘട്ടങ്ങളില്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കി കേന്ദ്രസമിതിയിലേക്ക് ക്ഷണിക്കാവുന്നതാണ്.
കേന്ദ്രസമിതി എല്ലാ മാസവും ചേരുകയും സംഘടനയുടെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ എടുക്കുകയും നടപ്പില്‍ വരുത്തുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കേന്ദ്രസമിതിയില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഉപദേശക സമിതി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരൊഴികെ മറ്റ് അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
iii) പ്രവര്‍ത്തകസമിതി
കേന്ദ്രസമിതി അംഗങ്ങള്‍, ഓരോ കൂടാരയോഗ യൂണിറ്റില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, ജോയിന്റ് കണ്‍വീനര്‍, കുവൈറ്റില്‍ നിന്നുള്ള കെ.സി.സി.എം.ഇ., ഡി.കെ.സി.സി. പ്രതിനിധികള്‍, കെ.സി.വൈ.എല്‍. ചെയര്‍മാന്‍, കെ.കെ.സി.എല്‍. ചെയര്‍മാന്‍, ഓഡിറ്റര്‍ എന്നിവര്‍ അടങ്ങുന്നതാണ് പ്രവര്‍ത്തകസമിതി. സംഘടനാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസമിതി അംഗങ്ങള്‍ കണ്‍വീനര്‍മാരായിക്കൊണ്ട് വിവിധ സബ്കമ്മറ്റികള്‍ രൂപീകരിക്കാവുന്നതാണ്.
നാല് മാസത്തില്‍ ഒരിക്കലെങ്കിലും പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പ്രവര്‍ത്തക സമിതി യോഗം ചേരേണ്ടതും യോഗാദ്ധ്യക്ഷന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കേണ്ടതും പ്രവര്‍ത്തക സമിതിയിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതുമാണ്. കേന്ദ്രസമിതി അംഗീകരിച്ചതൊ നിര്‍ദ്ദേശിച്ചതൊ ആയ ഏതെങ്കിലും കാര്യത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് അവ്യക്തതയൊ ആശങ്കകളൊ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസമിതിയുടെ ഉത്തരവാദിത്വമാണ്. കേന്ദ്രസമിതി അംഗീകരിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതാണ്.
14. അംഗത്വം
സംഘടനയിലെ അംഗത്വം കുവൈറ്റില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കോട്ടയം അതിരൂപത അംഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. തുടര്‍ച്ചയായി 6 മാസം കുവൈറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വ്യക്തിയുടെ അംഗത്വം നഷ്ടപ്പെടുന്നതായിരിക്കും.
i) പ്രാഥമിക അംഗത്വം
സംഘടനയുടെ നിശ്ചിത അംഗത്വഫോറം പൂരിപ്പിച്ച് നല്‍കി പ്രാഥമികാംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനകം കേന്ദ്രസമിതിയുടെ ഒരംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രാഥമികാംഗത്വം നല്‍കേണ്ടതാണ്.
ii) സജീവ അംഗത്വം
പ്രാഥമിക അംഗത്വമുള്ളവര്‍ സംഘടനയുടെ അതാതുവര്‍ഷത്തെ അംഗത്വ ഫീസ് നല്‍കി സജീവാംഗത്വം എടുക്കേണ്ടതാണ്. സജീവാംഗത്തിന്റെ കാലാവധി അതാത് പ്രവര്‍ത്തന വര്‍ഷത്തിലേക്ക് മാത്രമായിരിക്കുന്നതാണ്. കുവൈറ്റില്‍ കുടുംബമായി താമസിക്കുന്നവര്‍ കുടുംബാംഗത്വഫീസായി 10 ദിനാറും, കുടുംബമില്ലാതെ താമസിക്കുന്നവര്‍ 5 ദിനാറും അംഗത്വഫീസായി നല്‍കേണ്ടതാണ്. അംഗത്വഫീസില്‍ കാലോചിതമായ മാറ്റം വരുത്താന്‍ അതാതുവര്‍ഷത്തെ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അതാതു വര്‍ഷത്തെ അംഗത്വ ഫീസ് നല്‍കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആയി നിജപ്പെടുത്തിയിരിക്കുന്നു. കുടുംബാംഗത്വമുളളവര്‍ക്ക് കുടുംബനാഥനും കുടുംബനാഥയ്ക്കും ഏകാംഗത്വമുള്ളവര്‍ക്കും സംഘടനയുടെ ജനറല്‍ബോഡി മീറ്റിംഗില്‍ വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
15.കൂടാരയോഗ യൂണിറ്റുകള്‍
സംഘടനയുടെ ഓരോ ഏരിയയിലുമുള്ള ഏറ്റവും അടുത്തുതാമസിക്കുന്ന കുടുംബാംഗത്വമുള്ളവരെയും അവരുടെ മക്കളുടെയും ഏകാംഗത്വമുള്ളവരുടെയും കൂട്ടായ്മയാണ് ഓരോ കൂടാരയോഗ യൂണിറ്റുകള്‍. സംഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ് ഓരോ കൂടാരയോഗ യൂണിറ്റുകളും.
ഓരോ കൂടാരയോഗ യൂണിറ്റുകളും മാസത്തില്‍ ഒരിക്കലെങ്കിലും ഒരുമിച്ചു കൂടുകയും തദവസരത്തില്‍ പ്രാര്‍ത്ഥന, ബൈബിള്‍ പഠനം, സമുദായാധിഷ്ഠിത ചര്‍ച്ചകള്‍, ക്ലാസ്സുകള്‍, കലാപരിപാടികള്‍ എന്നിവ നടത്തുകയും ചെയ്യേണ്ടതാണ്. ഓരോ കൂടാരയോഗത്തിനും മാസം തോറുമുള്ള ഒരു നിശ്ചിത ദിവസം, നിശ്ചിത സമയം എന്നീ രീതിയില്‍ ക്രമീകരിക്കേണ്ടതും അത് സംഘടനയുടെ എക്‌സിക്യൂട്ടീവ് സമിതിയെ അറിയിക്കേണ്ടതുമാണ്.
ചാരിറ്റി അപേക്ഷകള്‍, സംഭാവനകള്‍ എന്നിവ ലഭിച്ചാല്‍ അത് സംഘടനയുടെ ഭരണസമിതിക്ക് കൈമാറേണ്ടതാണ്. യൂണിറ്റ് യോഗത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്.
i) പ്രാര്‍ത്ഥന
ത്രിസന്ധ്യാജപം, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, ജപമാല/ കുരിശിന്റെ വഴി, വി. ഗ്രന്ഥ വായന എന്നിവ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സംഘടനയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാ പുസ്തകമായ കൂടാരയോഗ പ്രാര്‍ത്ഥനാ സഹായി യൂണിറ്റിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
ii) കുടുംബയോഗം
യോഗ റിപ്പോര്‍ട്ട്, ഹാജര്‍, ക്വിസ്, സമുദായാധിഷ്ഠിത ചര്‍ച്ചകള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിക്കല്‍, കലാപരിപാടികള്‍, ജന്മദിന – വിവാഹ വാര്‍ഷിക ആശംസകള്‍, പുതിയ അംഗങ്ങളെ പരിചയപ്പെടല്‍, ലഘുഭക്ഷണം എന്നിവ കുടുംബ യോഗത്തിന്റെ ഭാഗമായി നടത്താവുന്നതാണ്.
16. കെ.കെ.സി.എല്‍. (കുവൈറ്റ് ക്‌നനായ ചില്‍ഡ്രന്‍സ് ലീഗ്)
സംഘടനയുടെ സജീവ അംഗത്വമുള്ളവരുടെ മൂന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ കുവൈറ്റില്‍ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് കെ.കെ.സി.എല്‍. അതാതുവര്‍ഷത്തെ കെ.കെ.സി.എല്‍.ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഓരോ യൂണിറ്റില്‍ നിന്നും ഓരോ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ കെ.കെ.സി.എല്‍.ന്റെ പ്രഥമ യോഗത്തില്‍ വച്ച് കുട്ടികള്‍ തന്നെ തെരഞ്ഞെടുക്കേണ്ടതാണ്. വ്യക്തിത്വവികസനത്തിനും സമുദായ ബോധവത്കരണത്തിനും ബൈബിള്‍ പഠനത്തിനും ഉതകുന്ന ക്ലാസ്സുകള്‍, കലാകായിക മത്സരങ്ങള്‍, കുട്ടികളുടെ സാഹിത്യവികസനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങള്‍ എന്നിവ കെ.കെ.സി.എല്‍. കണ്‍വീനറിന്റെ നേതൃത്വത്തില്‍ ഭരണസമിതിയുടെ പിന്തുണയോടു കൂടി നടത്തേണ്ടതാണ്. പ്രവര്‍ത്തന വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും കെ.കെ.സി.എല്‍. അംഗങ്ങള്‍ ഒരുമിച്ച് കൂടുന്നതിനുള്ള അവസരം ഉണ്ടാക്കേണ്ടതാണ്.
17. കെ.സി.വൈ.എല്‍. കുവൈറ്റ്
സംഘടനയുടെ യുവജന വിഭാഗം കെ.സി.വൈ.എല്‍. കുവൈറ്റ് (ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് കുവൈറ്റ്) എന്ന പേരില്‍ അറിയപ്പെടുന്നതായിരിക്കും.
1) ഔദ്യോഗിക ചിഹ്നം
കോട്ടയം അതിരൂപത അംഗീകരിച്ചിരിക്കുന്ന കെ.സി.വൈ.എല്‍.ന്റെ ചിഹ്നത്തോടു കൂടി കുവൈറ്റിന്റെയും ഇന്ത്യയുടെയും ദേശീയ പതാകകള്‍ ചേര്‍ത്ത ചിഹ്നമായിരിക്കും കെ.സി.വൈ.എല്‍. കുവൈറ്റിന്റെ ഔദ്യോഗിക ചിഹ്നം.
2) അംഗത്വം
സംഘടനയുടെ സജീവ അംഗത്വമുള്ള 18 നും 32 നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായ വ്യക്തികള്‍ക്ക് കെ.സി.വൈ.എല്‍. കുവൈറ്റിന്റെ നിര്‍ദ്ദിഷ്ട അംഗത്വ ഫോറം പൂരിപ്പിച്ചു നല്‍കി അംഗത്വം നേടാവുന്നതാണ്. കെ.സി.വൈ.എല്‍. കുവൈറ്റിന് പ്രത്യേക അംഗത്വ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
3) ഭരണസമിതി
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ഓരോ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍, ഡയറക്ടര്‍ എന്നിവരടങ്ങുന്നതാണ് കെ.സി.വൈ.എല്‍. കുവൈറ്റിന്റെ ഭരണസമിതി. സംഘടനയുടെ പ്രസിഡന്റ് കെ.സി.വൈ.എല്‍. കുവൈറ്റിന്റെ ഡയറക്ടര്‍ ആയിരിക്കും. ആവശ്യമെന്ന് തോന്നുന്നപക്ഷം സംഘടനയില്‍ സജീവ അംഗത്വമുള്ള ഒരു വനിതയെ ജോയിന്റ് ഡയറക്ടറായി നിയമിച്ച് ഭരണസമിതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തന വര്‍ഷത്തിനുള്ളിലായിരിക്കും ഭരണസമിതിയുടെ കാലാവധി. സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിനു തൊട്ടു മുമ്പ് നടക്കുന്ന കെ.സി.വൈ.എല്‍. കുവൈറ്റ് അംഗങ്ങളുടെ യോഗത്തില്‍ വച്ച് അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായത്തില്‍ തെരഞ്ഞെടുക്കേണ്ടതാണ്. തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു വ്യക്തി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ പദവി ഒഴികെയുള്ള പദവികള്‍ വഹിക്കുവാന്‍ പാടുള്ളതല്ല.
iv) പ്രവര്‍ത്തന ഫണ്ട്
കെ.സി.വൈ.എല്‍.കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഭരണസമിതി നിലവില്‍ വന്ന് ഒരു മാസത്തിനകം ഡയറക്ടറിനെ ഏല്‍പിക്കേണ്ടതും, ആ വര്‍ഷത്തേക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മാതൃസംഘടനയുടെ എക്‌സിക്യൂട്ടീവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുമാകുന്നു. കെ.കെ.സി.എ. യുടെ അംഗങ്ങളില്‍ നിന്നും ഡയറക്ടറുടെ അനുമതി ഇല്ലാതെ പണപിരിവുകള്‍ നടത്തുവാന്‍ പാടുള്ളതല്ല. കെ.സി.വൈ.എല്‍. കുവൈറ്റിന്റെ ഒരു പൊതു പരിപാടി നടത്തുന്നതിനുള്ള ഫണ്ട് മാതൃസംഘടന എന്ന നിലയില്‍ കെ.കെ.സി.എ. നല്‍കേണ്ടതാണ്.
v) മറ്റ് നിര്‍ദ്ദേശങ്ങള്‍
കെ.സി.വൈ.എല്‍. കുവൈറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അതാത് സമയങ്ങളില്‍ ഡയറക്ടറിനെ അറിയിക്കേണ്ടതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
കെ.സി.വൈ.എല്‍. കുവൈറ്റിന്റെ വാര്‍ത്തകള്‍, പരസ്യങ്ങള്‍ എന്നിവ ഡയറക്ടറിന്റെ അനുവാദമില്ലാതെ പ്രസിദ്ധികരിക്കാന്‍ പാടുള്ളതല്ല.
ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകള്‍ തോന്നുന്നപക്ഷം കെ.സി.വൈ.എല്‍. കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനുള്ള പൂര്‍ണ്ണ അധികാരം കെ.കെ.സി.എ. ഭരണസമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.
18. എമര്‍ജന്‍സി റിലീഫ് ഫണ്ട്
സംഘടനയുടെ സജീവ അംഗങ്ങളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മരണം,അത്യാപത്കരമായ അപകടങ്ങള്‍, തത്തുല്യമായ മറ്റെന്തെങ്കിലും കെടുതികളൊ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ പ്രസ്തുത അംഗത്തെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ഫണ്ടാണ് എമര്‍ജന്‍സി റിലീഫ് ഫണ്ട്. എഫ്.എസ്.എസ്. നിയമാവലി പ്രകാരം എമര്‍ജന്‍സി റിലീഫ് ഫണ്ടിലേക്ക് ലയിപ്പിച്ച തുക എമര്‍ജന്‍സി ഫണ്ടായി നിലനിര്‍ത്തേണ്ടതാകുന്നു. ഈ തുകയില്‍ നിന്നും അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി 600 ദിനാര്‍ തുല്യമായി മൂന്ന് ഉപദേശക സമിതി അംഗങ്ങളെ ഏല്‍പിക്കേണ്ടതാണ്. ബാക്കി വരുന്ന തുക പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ പേരില്‍ റിസര്‍വ് ഫണ്ടായി സൂക്ഷിക്കേണ്ടതാണ്.
അടിയന്തിര സഹായം ആവശ്യമായ സാഹചര്യങ്ങളില്‍ എമര്‍ജന്‍സി റിലീഫ് ഫണ്ടില്‍ നിന്നും സഹായം ചെയ്യാനുള്ള അധികാരം എക്‌സിക്യൂട്ടീവ് സമിതിക്ക് ഉണ്ടായിരിക്കുന്നതും, അത് കേന്ദ്രസമിതിയെ അറിയിക്കേണ്ടതുമാകുന്നു. ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ കേന്ദ്ര സമിതിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരം പ്രവര്‍ത്തനാവശ്യങ്ങള്‍ക്കായി ഫണ്ടില്‍ നിന്നും ലോണ്‍ എടുക്കാവുന്നതും വാര്‍ഷിക പൊതുയോഗത്തിന് ഒരുമാസം മുമ്പായി ഇപ്രകാരം വക മാറ്റിയ തുക സമാഹരിച്ച് തിരിച്ചടക്കേണ്ടതുമാകുന്നു. ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ കേന്ദ്ര സമിതിക്ക് സ്വീകരിക്കാവുന്നതാണ്.
19. ഫാമിലി സുരക്ഷാ സ്‌കീം (എഫ്.എസ്.എസ്.)
സംഘടനയുടെ സജീവ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷക്കായി ഫാമിലി സുരക്ഷാ സ്‌കീമില്‍ അംഗമായിട്ടുള്ള സജീവ അംഗത്തിന് ആകസ്മികവും അപ്രതീക്ഷിതവുമായി വന്നുചേര്‍ന്നേക്കാവുന്ന മരണമൊ/ സ്ഥിരമായ അംഗവൈകല്യമൊ സംഭവിച്ചാല്‍ ചെറുതെങ്കിലും സാമ്പത്തികമായ ഒരു സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് എഫ്.എസ്.എസ്. നിയമാവലി കാണുക. 20. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍
ഓരോ പ്രവര്‍ത്തന വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുകയും അത് ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരം വിനിയോഗിക്കുകയും ചെയ്യേണ്ടതാണ്. ചാരിറ്റി സമാഹരണത്തിനായി ചാരിറ്റി ബോക്‌സുകള്‍, സംഭാവനകള്‍, ബസാറുകള്‍ തുടങ്ങിയ അനുവദനീയമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇപ്രകാരം സ്വരൂപിക്കുന്ന ഫണ്ട് സൂക്ഷിക്കുകയും വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യേണ്ട ചുമതല ട്രഷററില്‍ നിക്ഷിപ്തമായിരിക്കുന്നു. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, സ്വയം തൊഴില്‍ കണ്ടെത്തല്‍, ഭവനനിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍ വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ അതാത് ഇടവക വികാരിയുടെയോ സ്വീകാര്യമായ മറ്റു വ്യക്തികളുടെയോ സാക്ഷ്യപത്രം പരിശോധിച്ച ശേഷം ധനസഹായം നല്‍കാവുന്നതാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുവാന്‍ ഓരോ അപേക്ഷയോടുമൊപ്പം 10 ദിനാറും അപേക്ഷ കൈമാറുന്ന സജീവ അംഗം കേന്ദ്രസമിതിക്ക് നല്‍കേണ്ടതും ഏതെങ്കിലും കാരണത്താല്‍ അപേക്ഷ തള്ളപ്പെട്ടാല്‍ തുക തിരികെ നല്‍കേണ്ടതുമാണ്.
21. നാമനിര്‍ദ്ദേശ പത്രിക
വരണാധികാരിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് സമിതിക്കു മുമ്പാകെ നിര്‍ദ്ദിഷ്ട നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ച് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ച് രണ്ട് സജീവ അംഗങ്ങളുടെ പിന്തുണയോടെ വാര്‍ഷിക പൊതുയോഗത്തിന് 15 ദിവസം മുമ്പു വരെ സമര്‍പ്പിക്കാവുന്നതും പത്ത് ദിവസം മുമ്പു വരെ പിന്‍വലിക്കാവുന്നതുമാണ്. അങ്ങനെ ലഭിക്കുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മമായി പരിശോധിച്ച് തെരഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ വാര്‍ഷിക പൊതുയോഗത്തിന് 7 ദിവസം മുമ്പ് സജീവ അംഗങ്ങളെ ഔദ്യോഗികമായി അറിയിക്കേണ്ടതുമാണ്.
22. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍
അതാതുവര്‍ഷത്തെ തെരഞ്ഞെടുപ്പ് സമിതി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും സംഘടനയുടെ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.
23. ജനറല്‍ബോഡി
ഒരു പ്രവര്‍ത്തന വര്‍ഷത്തെ മൂന്ന് പൊതുപരിപാടികളും ജനറല്‍ബോഡി മീറ്റിംഗ് ആയിരിക്കും. ഏതെങ്കിലും പ്രത്യേക കാരണങ്ങള്‍കൊണ്ടൊ സംഘടനയുടെ മൂന്നില്‍ ഒന്ന് ഭാഗം സജീവാംഗങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലൊ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയില്‍ നിന്നും പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ രാജിവച്ച് ഒഴിയുന്ന സാഹചര്യത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുക്കാവുന്നതാണ്.
ജനറല്‍ബോഡി ചേരേണ്ട സ്ഥലവും സമയവും ചുരുങ്ങിയത് 15 ദിവസങ്ങള്‍ക്കു മുമ്പ് സജീവാംഗങ്ങളെ സര്‍ക്കുലര്‍ മുഖേന അറിയിച്ചിരിക്കണം. ജനറല്‍ബോഡിയില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ കോറം ഉണ്ടായില്ലെങ്കില്‍ അര മണിക്കൂര്‍ അധിക സമയം നല്‍കിയ ശേഷം ഹാജരായ അംഗങ്ങള്‍ക്ക് യോഗം ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
24. അച്ചടക്ക നടപടി
സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സംഘടനയ്ക്ക് വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുക, സഭയ്‌ക്കൊ സമുദായത്തിനൊ വിരുദ്ധമായ പരസ്യ നിലപാടുകള്‍ സ്വീകരിക്കുക, സംഘടനയുടെ പരിപാടികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ കേന്ദ്രസമിതിക്ക് അച്ചടക്ക നടപടി എടുക്കാവുന്നതും ആ വ്യക്തിയുടെ പ്രാഥമികാംഗത്വം വരെ മരവിപ്പിക്കാവുന്നതുമാണ്.
ഭരണസമിതിയില്‍ അംഗമായ വ്യക്തി തുടര്‍ച്ചയായി 3 പ്രാവശ്യം ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാതിരിക്കുക, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതിരിക്കുക, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ കാരണങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് സമിതിക്ക് ഉചിതമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
25. സോഷ്യല്‍ മീഡിയായും ഉപയോഗവും
സംഘടനയുടെ വിവരങ്ങള്‍ വളരെ വേഗം അംഗങ്ങളില്‍ എത്തിക്കുന്നതിനും സംഘടനയുടെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയ ചര്‍ച്ചകള്‍ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അങ്ങനെയുള്ള നവമാധ്യമങ്ങളുടെ ഗ്രൂപ്പുകളില്‍ അതാതു വര്‍ഷത്തെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, പി.ആര്‍.ഒ. എന്നിവരെ ഉള്‍പ്പെടുത്തേണ്ടതാണ്. യൂണിറ്റ് നവമാധ്യമ ഗ്രൂപ്പുകളുടെ നിയന്ത്രണം അതാതുവര്‍ഷത്തെ യൂണിറ്റ് കണ്‍വീനര്‍മാര്‍ നിര്‍വ്വഹിക്കേണ്ടതാണ്.
26. നിയമാവലി ഭേദഗതികള്‍
നിയമാവലിയിലെ നിര്‍വ്വചനങ്ങളിലൊ, ചട്ടങ്ങളിലൊ ഉള്‍പ്പെടാത്ത ഒരു പ്രശ്‌നം ഉയര്‍ന്നുവരുന്ന പക്ഷം അതില്‍ ഇടപെട്ട് തീര്‍പ്പ് കല്‍പിക്കാന്‍ എക്‌സിക്യൂട്ടീവ് സമിതിക്ക് അധികാരമുണ്ടായിരിക്കും. അത്തരം തീര്‍പ്പുകള്‍ നിയമാവലി ഭേദഗതിയായി കൊണ്ടുവന്ന് ജനറല്‍ബോഡിയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷ അംഗീകാരത്തിനു വിധേയമായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഭരണഘടനാ ഭേദഗതി ആവശ്യമായി വരുന്ന ഘട്ടത്തില്‍ നിലവിലെ ഭരണസമിതിയില്‍ നിന്നും നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ക്ക് തുല്യമായി ഭരണസമിതിയില്‍ ഇല്ലാത്ത സജീവാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ബൈലോ കമ്മറ്റിക്ക് രൂപം കൊടുക്കേണ്ടതും അങ്ങനെ പുതുക്കുന്ന ബൈലോ ജനറല്‍ബോഡിയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷ അംഗീകാരത്തോടെ പ്രാബല്യത്തില്‍ വരുത്താവുന്നതുമാണ്. ഭരണഘടന ഭേദഗതി ചെയ്യുവാന്‍ മൂന്നുവര്‍ഷത്തെ കാലയളവെങ്കിലും ആവശ്യമാണ്.
ഈ നിയമാവലി പൂര്‍ണ്ണമായി റദ്ദാക്കാന്‍ പാടില്ലാത്തതും നിയമാവലി ഭേദഗതികള്‍ വരുമ്പോള്‍ അത് അംഗങ്ങളെ ഒരാഴ്ച മുമ്പെങ്കിലും പ്രസ്തുത ഭേദഗതികളോടുകൂടി രേഖാമൂലം അറിയിക്കേണ്ടതുമാണ്. 01/07/1984 മുതല്‍ 01/01/2016 വരെ പൊതുയോഗങ്ങള്‍ അംഗീകരിച്ച് പ്രാബല്യത്തില്‍ വന്ന നിയമാവലിയും ഭേദഗതികളും ഇതിനാല്‍ റദ്ദാക്കപ്പെട്ടിട്ടുള്ളതാകുന്നു.
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന്‍
ഫാമിലി സുരക്ഷാ സ്‌കീം
(എഫ്.എസ്.എസ്. 2021 – 2025)
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ (കെ.കെ.സി.എ.) സജീവ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷക്കായി ഫാമിലി സുരക്ഷാ സ്‌കീമില്‍ (എഫ്.എസ്.എസ്.) അംഗമായിട്ടുള്ള സജീവാംഗത്തിന് ആകസ്മികവും അപ്രതീക്ഷിതവുമായി വന്നുചേര്‍ന്നേക്കാവുന്ന മരണമൊ/സ്ഥിരമായ അംഗവൈകല്യമൊ സംഭവിച്ചാല്‍ ചെറുതെങ്കിലും സാമ്പത്തികമായ ഒരു സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
1. അംഗത്വം
ഫാമിലി സുരക്ഷാപദ്ധതിയില്‍ കെ.കെ.സി.യുടെ എല്ലാ സജീവാംഗങ്ങള്‍ക്കും അംഗങ്ങളാകാവുന്നതാണ്. സംഘടനാംഗങ്ങളില്‍ കുടുംബാംഗത്വമുള്ളവര്‍ 10 കെ.ഡി.യും ഏകാംഗത്വമുള്ളവര്‍ 5 കെ.ഡി.യും വീതം പൂരിപ്പിച്ച ഫാമിലി സുരക്ഷാ ഫോറത്തോടൊപ്പം നല്‍കേണ്ടതാകുന്നു. ഏതെങ്കിലും പ്രവര്‍ത്തനവര്‍ഷം സംഘടനയുടെ സജീവാംഗത്വം നഷ്ടപ്പെട്ടാല്‍ ഈ സ്‌കീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതും വീണ്ടും ഈ പദ്ധതിയുടെ ഭാഗമാകണമെന്നുണ്ടെങ്കില്‍ സംഘടന അംഗത്വം പുതുക്കിയതിനുശേഷം എഫ്.എസ്.എസ്. അംഗത്വഫീസ് നല്‍കി അംഗത്വം നേടാവുന്നതുമാണ്.
2016 – 2020 ഫാമിലി സുരക്ഷാ പദ്ധതിയുടെ ഭാഗമായിരുന്ന അംഗങ്ങളില്‍ നിന്നും ഇപ്പോള്‍ കുവൈറ്റില്‍ സ്ഥിരതാമസമായിട്ടുള്ള സംഘടനയുടെ സജീവ അംഗങ്ങള്‍ എഫ്.എസ്.എസ്. അംഗത്വഫീസ് നല്‍കാതെ തന്നെ എഫ്.എസ്.എസ്. 2021 – 2025 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ തുടര്‍ന്നും അംഗങ്ങളായിരിക്കും.
2. കാലാവധി
മൂന്നാംഫാമിലി സുരക്ഷാപദ്ധതിയുടെ കാലാവധി 2021 ജനുവരി മാസം 1 മുതല്‍ 2025 ഡിസംബര്‍ മാസം 31 വരെ ആയിരിക്കും.
3. ഗുണവും പ്രവര്‍ത്തനരീതിയും
ഫാമിലി സുരക്ഷാസ്‌കീമില്‍ അംഗങ്ങളായിരിക്കുന്നവരില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ അതുവരെ സ്വരൂപിച്ച തുകയില്‍ നിന്നും മൂന്നുലക്ഷം ഇന്ത്യന്‍ രൂപയും, രോഗം /അപകടം എന്നിവയാല്‍ തീര്‍ത്തും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരികയാണെങ്കില്‍ ഒന്നരലക്ഷം ഇന്ത്യന്‍ രൂപയും അംഗം നിര്‍ദ്ദേശിച്ചിരിക്കുന്ന നോമിനിക്ക് 45 ദിവസത്തിനകം ഉത്തരവാദപ്പെട്ട വ്യക്തികള്‍ കൂടി ചര്‍ച്ച ചെയ്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ നോമിനി നാട്ടിലാണെങ്കില്‍, നാട്ടിലെ ഇടവക വികാരിയുടെയോ, ജനപ്രതിനിധികളുടെയോ സാന്നിദ്ധ്യത്തില്‍ തുക നല്‍കുവാന്‍ കേന്ദ്രസമിതിക്ക് ഉത്തരവാദിത്വമുണ്ട്. കുടുംബാംഗത്വമുള്ളവരില്‍ കുടുംബനാഥനൊ, കുടുംബനാഥയ്‌ക്കൊ നേരിടുന്ന അത്യാഹിതം മാത്രം ഈ സ്‌കീമിന്റെ പരിധിയില്‍പ്പെടുന്നതാകുന്നു. ഇപ്രകാരം ഒരത്യാഹിതത്തിന് പണം വിനിയോഗിച്ചാല്‍ ഉടന്‍ തന്നെ എല്ലാ ഫാമിലി സുരക്ഷാസ്‌കീം അംഗങ്ങളേയും പ്രത്യേക സര്‍ക്കുലര്‍ മുഖേന അക്കാര്യം അറിയിക്കേണ്ടതും വിനിയോഗിച്ച തുക ആവശ്യമെങ്കില്‍ 45 ദിവസത്തിനകം സമാഹരിക്കേണ്ടതുമാകുന്നു.
4. ഫണ്ടും പൊതുവിനിയോഗവും
ഫണ്ടിലുള്ള തുക കേന്ദ്രസമിയുടെ അനുമതിയോടെ എഫ്.എസ്.എസ്. കണ്‍വീനറുടെയും ജോയിന്റ് കണ്‍വീനറുടെയും ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതാണ്. കാര്യങ്ങള്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരെ അതാതുസമയങ്ങളില്‍ അറിയിക്കേണ്ടതും എല്ലാ മൂന്നുമാസം കൂടുമ്പോഴും കേന്ദ്രസമിതി യോഗത്തില്‍ കണക്ക് അവതരിപ്പിക്കേണ്ടതുമാണ്.
2021 – 2025 പ്രവര്‍ത്തനകാലയളവില്‍ അതാതുവര്‍ഷം പദ്ധതിയിലേക്ക് സംഭാവനയായി മാത്രം ലഭിക്കുന്ന തുകയില്‍ നിന്നും 25 ശതമാനം അതാതുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന വകുപ്പ് 5 പ്രകാരം ഉപയോഗിക്കാവുന്നതാണ്.
5. മൂന്നാംഫാമിലി സുരക്ഷാപദ്ധതിയുടെ ഘടന
മൂന്നാംഫാമിലി സുരക്ഷാപദ്ധതി രൂപീകരിക്കുവാന്‍ വേണ്ടി കെ.കെ.സി.എ. 2020 കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരു എഫ്.എസ്.എസ്. കമ്മറ്റി രൂപീകരിക്കുകയും, പ്രസ്തുത കമ്മറ്റിയില്‍ എഫ്.എസ്.എസ്.നിലവില്‍ വന്ന 2011 വര്‍ഷം തൊട്ടുള്ള കെ.കെ.സി.എ.മുന്‍ പ്രസിഡന്റുമാരെയും എഫ്.എസ്.എസ്. കണ്‍വീനര്‍മാരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ചകളും ക്രിയാത്മക കണക്കുകൂട്ടലുകളും നടത്തി മൂന്നാംഫാമിലി സുരക്ഷാപദ്ധതിക്ക് താഴെപ്പറയുന്നപ്രകാരം രൂപരേഖ ഉണ്ടാക്കി.
5.1) 2016 – 2020 ഫാമിലി സുരക്ഷാപദ്ധതിയുടെ ഭാഗമായിരുന്ന അംഗങ്ങളില്‍ നിന്നും ഇപ്പോള്‍ കുവൈറ്റില്‍ സ്ഥിരതാമസായിട്ടുള്ള സംഘടനയുടെ സജീവ അംഗങ്ങള്‍, എഫ്.എസ്.എസ്. അംഗത്വഫീസ് നല്‍കാതെ തന്നെ എഫ്.എസ്.എസ്. 2021 – 2025 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ തുടര്‍ന്ന് അംഗങ്ങളായിരിക്കും.
5.2) എഫ്.എസ്.എസ്. 2016 – 2020 ഈ പദ്ധതിയില്‍ നിന്നും മുകളില്‍ (5.1) ല്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരമുള്ള അംഗത്വഫീസ് നീക്കിവച്ച് ബാക്കിവരുന്ന ഫണ്ട് സംഘടനയുടെ 2021 – 2025 പ്രവര്‍ത്തനവര്‍ഷങ്ങളിലെ എമര്‍ജന്‍സി റിലീഫ് ഫണ്ട്/ ചാരിറ്റിക്കായി തുല്യമായി വകയിരുത്തി.
5.3) കെ.കെ.സി.എ. 2020 കമ്മറ്റിയുടെ എമര്‍ജന്‍സി റിലീഫ് ഫണ്ടില്‍ നിന്നും മിച്ചംവന്ന ഫണ്ടും മേല്‍പ്രകാരം സംഘടനയുടെ 2021 – 2025 എമര്‍ജന്‍സി / ചാരിറ്റി ഫണ്ടിലേക്ക് തുല്യമായി വകയിരുത്തി.
മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന (5.2) & (5.3) വകുപ്പുകള്‍ പ്രകാരം ലഭിക്കുന്ന മൊത്തം ഫണ്ടിന്റെയും ഓരോ വര്‍ഷവും എഫ്.എസ്.എസ്. ല്‍ നിന്നും സംഘടനയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് ലഭിക്കുന്ന 25 ശതമാനം ഫണ്ടിന്റേയും വളര്‍ച്ച ക്രിയാത്മകമായി കണക്കുകൂട്ടി മൂന്നാംഫാമിലി സുരക്ഷാപദ്ധതിയുടെ 2021, 2022, 2023, 2024 & 2025 കമ്മറ്റികളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഏകീകൃതമായ ഫണ്ട് ലഭ്യമാകുംവിധം താഴെപ്പറയുന്ന നിബന്ധനകള്‍ നിജപ്പെടുത്തി.
1) കെ.കെ.സി.എ. 2021 കമ്മറ്റി തങ്ങള്‍ക്ക് എഫ്.എസ്.എസ്. ല്‍ നിന്നും ലഭിക്കുന്ന 25 ശതമാനം സംഭാവനയും, 2021 കമ്മറ്റിയുടെ എമര്‍ജന്‍സി റിലീഫ് ഫണ്ട് ഉത്പാദിപ്പിക്കുന്ന സംഭാവനയും ചേര്‍ന്നുകിട്ടുന്ന ഫണ്ടിന്റെ 35 ശതമാനം കെ.കെ.സി.എ. കമ്മറ്റിയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് നീക്കിവയ്‌ക്കേണ്ടതാണ്.
2) കെ.കെ.സി.എ. 2022 കമ്മറ്റി തങ്ങള്‍ക്ക് എഫ്.എസ്.എസ്. ല്‍ നിന്നും ലഭിക്കുന്ന 25 ശതമാനം സംഭാവനയും, 2022 കമ്മറ്റിയുടെ എമര്‍ജന്‍സി റിലീഫ് ഫണ്ട് ഉത്പാദിപ്പിക്കുന്ന സംഭാവനയും ചേര്‍ന്നുകിട്ടുന്ന ഫണ്ടിന്റെ 21 ശതമാനം കെ.കെ.സി.എ. 2024 കമ്മറ്റിയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് നീക്കിവെക്കേണ്ടതാണ്.
3) കെ.കെ.സി.എ. 2023, 2024 & 2025 കമ്മറ്റികള്‍ തങ്ങള്‍ക്ക് എഫ്.എസ്.എസ്. ല്‍ നിന്നും ലഭിക്കുന്ന 25 ശതമാനം സംഭാവനയും അതാതുവര്‍ഷത്തെ എമര്‍ജന്‍സി റിലീഫ് ഫണ്ട് ഉത്പാദിപ്പിക്കുന്ന സംഭാവനയും അതാത് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
എഫ്.എസ്.എസ്. തുടര്‍ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
മൂന്നാംഫാമിലി സുരക്ഷാപദ്ധതി നടപ്പാക്കിയ രീതിയില്‍ ഈ പദ്ധതി അവസാനിക്കുന്ന കെ.കെ.സി.എ. – 2025 ലെ കമ്മിറ്റി, എഫ് .എസ്.എസ്. രൂപീകരിച്ച വര്‍ഷംതൊട്ടുള്ള (2011) പ്രസിഡന്റുമാരെയും, എഫ്.എസ്.എസ്. കണ്‍വീനര്‍മാരെയും ഉള്‍പ്പെടുത്തി ഒരു കമ്മറ്റി ഉണ്ടാക്കി എഫ്.എസ്.എസ്. ന്റെ മുമ്പോട്ടുള്ള നടത്തിപ്പിനെക്കുറിച്ച് നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കേണ്ടതും, സംഘടനയ്ക്കും എഫ്.എസ്.എസ്. അംഗങ്ങള്‍ക്കും ഗുണപ്രദമാകുന്ന വിധത്തില്‍ അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുമാകുന്നു.